ചരിത്രം കുറിച്ച് വീണ്ടും “ലൈഫ്”; പതിനായിരം ഗൃഹപ്രവേശം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭൂരഹിത, ഭവനരഹിതര്‍ക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ പതിനായിരം വീടുകള്‍ കൂടി അടയാളപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് (18-09-21) ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പതിനായിരം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുമ്പോള്‍ നൂറ് ദിന കര്‍മ്മപരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒരു ഇനം കൂടി നടപ്പിലാക്കപ്പെടും.

2016 -2021 കാലയളവില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 262131 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിതരുടെ പുനരധിവാസത്തിനായി 2207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ഛയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഇതിന് പുറമെ 17 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു. 2021- 2026 വരെയുള്ള അഞ്ചുവര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ വീതം പൂര്‍ത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമയും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി ബി നൂഹും പങ്കെടുക്കും

18-Sep-2021