അന്താരാഷ്ട്ര സമാധാന ദിനം: മന്ത്രി ഭിന്നശേഷി കുട്ടികളോടൊപ്പം ആഘോഷത്തിൽ പങ്കാളിയായി

ബാലാവകാശ കമ്മീഷനും ഡിഫറൻ്റ് ആർട്സ് സെൻ്ററും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം മാജിക് പ്ലാനറ്റിലെത്തിയ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഭിന്നശേഷിക്കുട്ടികളോടൊപ്പം ചേര്‍ന്ന് സമാധാന സന്ദേശ സൂചകമായി ബലൂണുകള്‍ ആകാശത്തേയ്ക്ക് പറത്തി. നൂറുകണക്കിന് വെള്ളബലൂണുകള്‍ ആകാശത്തേയ്ക്ക് പറന്നുയര്‍ന്ന കാഴ്ച ഭിന്നശേഷിക്കുട്ടികളിലും കാണികളിലും കൗതുകമുണര്‍ത്തി.

ഭിന്നശേഷിക്കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്നതിനുമായി മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഹയാത്ര എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കുട്ടികളുടെ കലാപരമായ കഴിവുകളെ ശാസ്ത്രീയമായി പരിപോഷിപ്പിച്ചെടുത്ത് ആരോഗ്യ-മാനസിക മേഖലയില്‍ മാറ്റം വരുത്തുന്ന പരീക്ഷണശാലയായി ഡിഫറന്റ് ആര്‍ട് സെന്റര്‍ മാറിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള കുട്ടികളെ സമൂഹത്തിനൊപ്പം ചേര്‍ത്തുനിര്‍ത്താനായി ആവിഷ്‌കരിക്കുന്ന പദ്ധതി വിജയിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണെന്നും അതിനുള്ള പ്രയത്‌നം ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത് ഈ മേഖലയില്‍ ഒരുണര്‍വുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.മുഹമ്മദ് അഷീല്‍, സംവിധായകന്‍ പ്രജേഷ് സെന്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സഹയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും കുട്ടികളുടെ പരിശീലനങ്ങള്‍ അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു.

22-Sep-2021