തളിപ്പറമ്പിൽ മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് വിമതര്‍
അഡ്മിൻ
തളിപ്പറമ്പിൽ വിമത വിഭാഗത്തിനെതിരെ നടപടിയെടുത്ത ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ ശക്തി പ്രകടനം നടത്തി. സസ്പെൻഡ് ചെയ്ത നേതാക്കൾക്കും പുതുതായി രൂപീകരിച്ച നഗരസഭാ കമ്മിറ്റിക്കും പിൻതുണ പ്രഖ്യാപിച്ചുമാണ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് ബുധനാഴ്ച്ച വൈകുന്നേരം പ്രവർത്തകർ തളിപ്പറമ്പ് നഗരത്തിൽ പ്രകടനം നടത്തിയത്. മുന്നു റിലേറെ പ്രവർത്തകർ പങ്കെടുത്ത ശക്തിപ്രകടനത്തിനാണ് തളിപ്പറമ്പ് നഗരം സാക്ഷാം വഹിച്ചത്.
പാർട്ടിഅച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത തളിപ്പറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുവാൻ കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചിരുന്നു.
തളിപ്പറമ്പിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അള്ളാംകുളം മഹമൂദ്, പി.കെ. സുബൈർ, സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാൽ എന്നിവർക്ക് അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 3 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് നൽകാൻ തീരുമാനിച്ചു. പത്ര ദൃശ്യ മാധ്യമങ്ങളിൽ പാർട്ടിയെയും നേതാക്കളെയും അപകീർത്തി പെടുത്തുന്ന വിധത്തിൽ വാർത്ത നൽകുന്നവരെയും പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നവരെയും കണ്ടെത്താൻ രണ്ട് അംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.