2020 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊലപാതകം നടന്നത് ഉത്തർപ്രദേശിൽ. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 29,193 കൊലക്കേസുകളിൽ 3779 ഉം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്. പ്രണയ ബന്ധങ്ങളെത്തുടർന്നുണ്ടായ തർക്കമാണ് യുപിയിലെ ഭൂരിഭാഗം കൊലകളുടെയും കാരണം ( 351 കൊലപാതകങ്ങൾ). വ്യക്തിപരമായ ശത്രുത മൂലം നടന്ന കൊലകളുടെ എണ്ണം 308 ആണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ജാതീയ കൊല നടന്നതും ഉത്തർപ്രദേശിലാണ് (9).
അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും ലഡാക്കിലും ഒരു കൊലപാതകം പോലും 2020 ൽ നടന്നില്ല. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 ൽ വർഗീയ സംഘർഷം മൂലമുണ്ടായ കൊലകളിൽ മുന്നിൽ നിൽക്കുന്നത് ഡൽഹിയാണ് (53). പശ്ചിമ ബംഗാളിലാണ് സ്ത്രീധന പീഡനം മൂലം ഏറ്റും കൂടുതൽ കൊല നടന്നത് (303).
2019 നേക്കാൾ നേരിയ വർധനവ് 2020 രാജ്യത്ത് കൊലപാതകങ്ങളിൽ ഉണ്ടായിട്ടുണ്ട്. 28,915 കൊലകളാണ് 2019 ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3779 കൊലക്കേസുകളാണ് 2020 ൽ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. 3150 കേസുകളുമായി ബിഹാറാണ് തൊട്ടുപിന്നിൽ. മഹാരാഷ്ട്ര ( 2163), മധ്യപ്രദേശ് (2101) എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പിന്നിൽ. ദിനംപ്രതി ശരാശരി 77 ബലാത്സംഗക്കേസുകളും 2020 ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ 28,046 ബലാത്സംഗക്കേസുകൾ.