ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് മുന്നണി; കേരളത്തിൽ ഹർത്താൽ

ദേശീയ തലത്തിൽ ഈ മാസം 27ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് മുന്നണി. ഇന്ന് ചേർന്ന ഇടത് മുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും.

അതേസമയം, പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫിന്റെ നിലപാട് മറ്റൊന്നായി കാണേണ്ട കാര്യമില്ല. അത് തന്നെയാണ് നിലപാട്. കാര്യങ്ങൾ കൂടുതൽ പരിശോധിക്കുമ്പോഴാണല്ലോ അതുസംബന്ധിച്ച അഭിപ്രായങ്ങളും മാറുന്നതെന്നായിരുന്നു, ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട മുൻ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി.

തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നവർക്ക് മറ്റൊന്നും പറയാനില്ലെന്നും അതുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പറയുന്നതിൽ വസ്തുതകൾ വേണമെന്ന് നിർബന്ധ ബുദ്ധിയില്ലാതെ വരുമ്പോൾ ഇങ്ങിനെ പലതും പറയും. അതിനെ കാര്യമാക്കേണ്ടതില്ലെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയി.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

23-Sep-2021