തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി നിര്‍ദേശം
അഡ്മിൻ
സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ശബ്ദ പരിശോധയ്ക്ക് നിര്‍ദേശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാനാണ് കോടതിയുടെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ സികെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോഴ നല്‍കിയെന്ന കേസിലാണ് നടപടി.
സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിന് തുടക്കമിട്ട് കൊണ്ട് ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വിട്ട ജെആര്‍പി നേതാവ് പ്രസീത അഴീക്കോടിന്റെ ശബ്ദം പരിശോധിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പരിശോധനയ്ക്കായി ശബ്ദ സാമ്പിളുകള്‍ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.