അസമിൽ നടന്ന പൊലീസ് നരനായാട്ടിനെതിരെ സിപിഐഎം

അസമിൽ നടന്ന പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയാണെന്ന് സിപിഐഎം. ധരങ് ജില്ലയിലെ ധോല്‍പൂരിലെ ഗ്രാമീണ മേഖലയില്‍, ഭൂമികൈയ്യേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.

പൊലീസ് അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രദേശത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് വര്‍ഗീയമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നത്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യതയും സുരക്ഷയും നല്‍കുന്ന ഭരണഘടനയുടെ ഉറപ്പിന് നേരെയുള്ള കടന്നാക്രമണമാണിത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിബി ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.

ബിജെപി സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന മതനിരപേക്ഷജനാധിപത്യ ശക്തികള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കുന്നുവെന്നും പിബി അറിയിച്ചു.

24-Sep-2021