സ്കൂള്‍ തുറക്കല്‍ : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി

സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ അധികാരപരിധിയിലുളള സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യും.

സ്കൂൾ മാനേജ്മെൻറുമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ചർച്ച നടത്തും.സ്കൂൾ ബസുകൾ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ ഒക്ടോബർ 20 ന് മുമ്പ് പൂർത്തിയാക്കണം. പത്ത് വർഷത്തിലധികം പ്രവർത്തന പരിചയമുളളവരെ മാത്രമേ സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ നിയോഗിക്കാവൂ. സ്കൂൾ ബസുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിൻറെ സഹായവും തേടേണ്ടതാണ്.

സ്കൂൾ വാഹനങ്ങൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കൂ. എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷൻ ഹൗസ് ഓഫീസർ സ്ഥിരമായി സ്കൂളുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും.ജില്ലാ പോലീസ് മേധാവിമാർ എല്ലാ ദിവസവും നിർദ്ദേശങ്ങൾ വിലയിരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.

24-Sep-2021