കെ. സുരേന്ദ്രന്‍ അധികാരത്തിന്റെ സുഖശീതളിമയിൽ ധാർമ്മിക ബോധം മറക്കുന്നുവെന്ന് എം.ടി. രമേശ്

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ഒളിമ്പുമായി ജനറൽ സെക്രട്ടറി എം.ടി. രമേശ്. അധികാരത്തിന്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ധാർമ്മിക ബോധം മറക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് എം.ടി. രമേശിന്റെ പരോക്ഷ വിമർശനം.

'തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംക്ഷിക്കാതെയാണ് ദീൻദയാൽ ഉപാധ്യായ പ്രവർത്തിച്ചത്. സംഘടനയും അതിന്റെ ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാണ്,' അദ്ദേഹം പറഞ്ഞു.

എന്നാൽ കേരളത്തിൽ അധികം പേർക്ക് അധികാരം ലഭിച്ചിട്ടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മറുപടി. അധികാരം ലഭിക്കാത്തവരാണ് ഭൂരിപക്ഷം പ്രവർത്തകരും. എം.ടി.രമേശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടേയും കുഴൽ-കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തിൽ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലെ മത്സരവും ഹെലികോപ്ടറും 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന പ്രസ്താവനയുമെല്ലാം തിരിച്ചടിയായെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തലുമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ മാറ്റിയേക്കുമെന്ന വാർത്തകൾ വന്നത്. രണ്ട് വർഷം മുൻപാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപി, വത്സൻ തില്ലങ്കേരി, എം.ടി. രമേശ് എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.

25-Sep-2021