എയ്ഡഡ് മേഖലയിലും നിർബന്ധമാക്കാൻ മന്ത്രിസഭാ തീരുമാനം
അഡ്മിൻ
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ , സഹകരണ സ്ഥാപനങ്ങൾ, ദേവസ്വംബോർഡുകൾ എന്നിവിടങ്ങിളിലെ നിയമനങ്ങളിൽ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിയമങ്ങൾ/സ്റ്റാറ്റിയൂട്ടുകൾ/ചട്ടങ്ങൾ/ബൈലോ എന്നിവയിൽ മൂന്നുമാസത്തിനുള്ളിൽ ഭേദഗതി വരുത്തണം.
സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്ഷേപം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിലും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മീഷന്റെ സാമൂഹിക സാമ്പത്തിക സർവ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിനും മന്ത്രിസഭ അനുമതി നൽകി.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നൽകി.
ഇരിട്ടി, കല്യാട് വില്ലേജിൽ 41.7633 ഹെക്ടർ അന്യം നിൽപ്പ് ഭൂമിയും ലാന്റ് ബോർഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടർ മിച്ചഭൂമിയും ഉൾപ്പെടെ 46.6241 ഹെക്ടർ ഭൂമി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരമാണിത്. നിബന്ധനകൾക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി കൈവശാവകാശം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതൽ ഒരുവർഷത്തിനകം നിർദ്ദിഷ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണം.