എക്‌സൈസ് വകുപ്പ് ആക്റ്റിലെ 42, 67 വകുപ്പുകളുടെ അധികാരം കര്‍ശനപ്പെടുത്തി ഉത്തരവിറക്കി

തിരുവനന്തപുരം : എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും സോണല്‍ സ്‌ക്വാഡുകളും ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകളും നടത്തുന്ന മയക്കുമരുന്ന് വേട്ടയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും കേസുകളില്‍ വെള്ളം ചേര്‍ക്കുവാനുള്ള പഴുതുകളടക്കാനും എക്‌സൈസ് വകുപ്പ് ആക്റ്റിലെ 42, 67 വകുപ്പുകള്‍ വഴിയുള്ള അധികാരം കര്‍ശനപ്പെടുത്തി ഉത്തരവിറക്കി.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും സോണല്‍ സ്‌ക്വാഡുകളും ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകളും മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും പിടികൂടിയാല്‍ അവര്‍ക്ക് കേസെടുത്ത് എഫ് ഐ ആര്‍ തയ്യാറാക്കാന്‍ സാധിക്കില്ലായിരുന്നു. ഏത് ജില്ലയില്‍ നിന്നാണോ പിടിക്കുന്നത് ആ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ എഫ് ഐ ആര്‍ തയ്യാറാക്കി അടുത്ത നടപടിക്രമങ്ങളിലേക്ക് പോകാന്‍ സാധിക്കുമായിരുന്നുള്ളു. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഉത്തരവ് പ്രകാരം മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും പിടികൂടുന്ന എന്‍ഫോഴ്‌സ് മെന്റ് സ്‌ക്വാഡുകള്‍ക്ക് നേരിട്ട് കേസെടുക്കാനും എഫ് ഐ ആര്‍ ഇടാനും സാധിക്കുന്ന നിലയിലാണ് അധികാരം തിട്ടപ്പെടുത്തിയിട്ടുള്ളത്.

സ്‌ക്വാഡുകള്‍ മയക്കുമരുന്ന് മാഫിയയെ പിടികൂടി ജില്ലകളിലുള്ള ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുമ്പോഴുണ്ടാവുന്ന നടപടി വീഴ്ചകള്‍ ഇല്ലാതാക്കാന്‍, പഴുതുകളടച്ചുകൊണ്ടുള്ള നടപടിക്രമങ്ങള്‍ ഉണ്ടാക്കണമെന്നും അതിനായി ചട്ടങ്ങളും വകുപ്പുകളും കര്‍ശനമാക്കണമെന്നും എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത സന്ദര്‍ഭത്തില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എക്‌സൈസ് വകുപ്പ് പുതിയ നടപടിക്രമങ്ങളിലൂടെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്. ഇതിലൂടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒഴിവാക്കാനും സാധിക്കും.

29-Sep-2021