സംസ്ഥാനത്ത് പുതിയ പബ്ലിക് ഹെല്‍ത്ത് ആക്‌ട് രൂപീകരിക്കും: മന്ത്രി വീണ ജോര്‍ജ്

കേരളത്തിൽ പുതിയൊരു പബ്ലിക് ഹെല്‍ത്ത് ആക്‌ട് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ്. ട്രാവന്‍കൂര്‍-കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകോപിപ്പിച്ച്‌ ആണ് ഇത് .കോവിഡ്-19ന്റെ ഭാഗമായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വാര്‍ റൂമിന്റെ വിപുലീകരിച്ച, ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലീരോഗങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ക്യാംപെയില്‍ സംഘടിപ്പിക്കുമെന്നും സാങ്കേതിക വിദ്യയുടെയും നവീന ആശയങ്ങളുടെയും സമന്വയമാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്ര്യദിനത്തിന്റെ 75ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നഗരസഭയുടെയും സ്മാര്‍ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.മാലിന്യ മുക്ത-പകര്‍ച്ചവ്യാധി മുക്ത ജില്ലയെന്ന ലക്ഷ്യത്തിലേക്ക് തിരുവനന്തപുരത്തെ എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍.നഗരസഭ, കളക്ടറേറ്റ്, പോലീസ്, ആരോഗ്യവിഭാഗം എന്നിവയുടെ ഏകോപനത്തോടെ നഗരത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം ഇവിടെ സജ്ജമാണ്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ്-19 കോള്‍ സെന്റര്‍, കോവിഡ്-19 ജാഗ്രതാ പോര്‍ട്ടല്‍ സംബന്ധിക്കുന്ന വിവരങ്ങള്‍, കോവിഡ്-19 ബാധിതര്‍ക്കുള്ള ആംബുലന്‍സ് സേവനം, ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇവയെല്ലാം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ലഭ്യമാണ്.കോവിഡ് -19ന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രളയം, മറ്റ് പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ ജില്ലാതല തീരുമാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രം എന്ന നിലയിലും ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.

ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രധാന കേന്ദ്രം നഗരസഭ ഓഫീസിലും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.ഡോക്ടര്‍മാര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വൊളണ്ടിയേര്‍സ് എന്നിങ്ങനെ 75ഓളം പേരാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ ഭാഗമായിട്ടുള്ളത്.

വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ, സ്മാര്‍ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സിഇഒ ഡോ.വിനയ് ഗോയല്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ് ജയചന്ദ്രന്‍ നായര്‍ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

03-Oct-2021