മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നു
അഡ്മിൻ
യുപിയിലെ ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് 8 പേര് മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്. കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പ്രദേശത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ തടയുമെന്ന് യു പി പൊലീസ് വ്യക്തമാക്കി.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി, പഞ്ചാബ് ഉപമുഖ്യമന്ത്രി എന്നിവരെ തടയാനാണ് യു.പി സര്‍ക്കാരിന്റെ നീക്കം. ലഖ്നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഇവരെ അനുവദിക്കില്ല. ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.