'ഹരിത' വിഷയം സഭയില്‍ ഉയര്‍ത്തി ഭരണപക്ഷം; മുഖ്യമന്ത്രിയുടെ മറുപടി

ഹരിത വിഷയം സഭയില്‍ ഉന്നയിച്ച് ഭരണപക്ഷം. സ്ത്രീകളുടെ നീതിക്ക് വേണ്ടിയും ആത്മാഭിമാനക്ഷതത്തിനെതിരേയും പ്രതികരിച്ചതിന്റെ പേരില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വം ആ പാര്‍ട്ടിയില്‍പെട്ട വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തോടെ സമൂഹത്തില്‍ ഉണ്ടായ തെറ്റായ പൊതുബോധം മാറ്റിയെടുക്കാന്‍ പ്രചരണം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നായിരുന്നു ഭരണപക്ഷ എംഎല്‍എയുടെ ചോദ്യം.

മുഖ്യമന്ത്രിയുടെ മറുപടി: സംസ്ഥാനം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള പൊതുനിലപാട് നവോത്ഥാന കാലം തൊട്ടേ ആരംഭിച്ചതാണ്. അടുക്കളയില്‍ കഴിഞ്ഞിരുന്ന സ്ത്രകള്‍ അരങ്ങിലേക്ക് വരികയെന്ന സന്ദേശത്തോടെയുള്ള നാടകങ്ങളും മറ്റും അക്കാലത്ത് അവതരിപ്പിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ മറ്റുസംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലാണ്. അഭിമാനിക്കാനുതകുന്ന കുറേ കാര്യങ്ങള്‍ ഉണ്ട്.

എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍, പുരുഷമേധാവിത്വ സമീപനങ്ങള്‍ സമൂഹത്തില്‍ ഇപ്പോഴും ഇല്ലാതായിട്ടില്ല. അംശങ്ങള്‍ ബാക്കി നില്‍ക്കെയാണ്. കക്ഷിവ്യത്യാസം അന്യേ അപലപിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ ഉയര്‍ത്തികൊണ്ടുവരാന്‍ പഴയകാലത്ത് നമ്മള്‍ സ്വീകരിച്ച പൊതുസമീപനത്തിനത്തിന്റെ തുടര്‍ച്ച ഉണ്ടാവുകയെന്ന പ്രധാനമാണ്.

അതില്‍ നിന്നും വ്യത്യസ്തമായ നിലയുണ്ടാവുമ്പോള്‍ അതിനെ വിമര്‍ശനാത്മകമായി കാണണം. ഇവിടെ സ്ത്രീകളെ ഉയര്‍ത്തികൊണ്ടുവരുന്നതിനുള്ള ലിംഗനീതി ശരിയായ രീതിയില്‍ അംഗീകരിക്കപ്പെടുന്നതിനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. ഇത് സര്‍ക്കാര്‍ മാത്രം ചെയ്യേണ്ടതല്ല. നമ്മുടെ സംസ്ഥാനത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകളും പ്രസ്ഥാനങ്ങളും കൂട്ടായ്മകളും ഒരേ മനസോടെ പ്രവര്‍ത്തിക്കണം.

ഏതെങ്കിലും ആളുകള്‍ക്ക് എന്തെങ്കിലും അപഭ്രംശം വന്നിട്ടുണ്ടെങ്കില്‍ തിരുത്തുന്ന സമീപനം തിരുത്തണം. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായി തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും.'പുരുഷമേധാവിത്വം ഇല്ലാതായിട്ടില്ല'

04-Oct-2021