യുപി സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

യുപിയിലെ ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ യു.പി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം രൂപ ഗവ.ജോലിയും നൽകാൻ തീരുമാനമായി. പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും നൽകും. അതേസമയം, കൊല്ലപ്പെട്ട കർഷകരുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട രാഷ്ട്രീയ നേതാക്കളെ യു.പി പൊലീസ് തടയുകയാണ്.

കോൺഗ്രസ് നേതാവ് പ്രയങ്ക ഗാന്ധിയേയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കാർഷികനിയമങ്ങൾക്കെതിരെ നടന്ന കർഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാർ ഇടിച്ചു കയറിയത്.

നാല് കർഷകരുൾപ്പെടെ എട്ടുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

04-Oct-2021