മോൻസൺ വിഷയത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
അഡ്മിൻ
വ്യാജ പുരാവസ്തു കച്ചവടത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസണ്‍ വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷത്തിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുടി. മോന്‍സന്റെ അടുത്ത് ആരെല്ലാമാണ് ചികിത്സയ്ക്ക് പോയതെന്ന് പൊതുജനത്തിന് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിൽ പോയത് സുഖചികിത്സയ്ക്കല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പുരാവസ്തു കച്ചവടത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസണ്‍ മാവുങ്കലുമായി ചേർന്ന് പൊലീസുകാർ ചട്ടവിരുദ്ധവും അവിഹിതവുമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം ആരിലാണോ എത്തേണ്ടത് അവരിൽതന്നെ എത്തും. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും തട്ടിപ്പുകാർ ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോൻസന്റെ വീട്ടിൽ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദർശിച്ച ശേഷം മോൻസനെപ്പറ്റി അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
മോൻസന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പി.ടി.തോമസിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മോൻസന്റ വീട് സന്ദർശിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷം സഭയിൽ സ്വീകരിച്ചത്.