വയനാട്ടിൽ മുൻ ഡി.സി.സി പ്രസിഡന്റ് കോൺഗ്രസ് വിട്ടു

കോൺഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കെ.പി.സി.സി നിർവാഹക സമിതി അംഗവും വയനാട് മുൻ ഡി.സി.സി പ്രസിഡന്റുമായ പി.വി. ബാലചന്ദ്രൻ പാർട്ടി വിട്ടു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് മുതൽ ഇദ്ദേഹം പാർട്ടിയുമായി അകന്നിരുന്നു. നേതൃത്വങ്ങളുടെ പരാജയമാണ് പാർട്ടിയുടെ അപചയത്തിനും മുന്നണിയുടെ പരാജയത്തിനും കാരണമെന്ന് ബാലചന്ദ്രൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

രണ്ടുദിവസത്തിനുള്ളിൽ നയം വ്യക്തമാക്കുമെന്നും ബാലചന്ദ്രൻ പറഞ്ഞു. ബാലചന്ദ്രൻ സി.പി.എമ്മിൽ ചേരുമെന്നാണ് ലഭിക്കുന്ന സൂചന. ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണ, പ്രത്യാരോപണങ്ങളാണ് ബാലചന്ദ്രന്റെ രാജിയിൽ എത്തിയത്. ഡി.സി.സി മുൻ പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ബാങ്ക് നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങിയെന്നും ഇദ്ദേഹം ആരോപിച്ചു.

ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ ദേശീയതലത്തിൽ വെല്ലുവിളിയുയരുമ്പോൾ പ്രതിരോധമൊരുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു. പാർട്ടിക്കൊപ്പം ജനങ്ങൾ നിൽക്കില്ല. ഭൂരിപക്ഷ സമൂഹവും ന്യൂനപക്ഷങ്ങളും പാർട്ടിയിൽനിന്ന് അകന്നു. അതിനാൽ കോൺഗ്രസുമായുള്ള 52 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നുവെന്നും ബാലചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

05-Oct-2021