സംസ്ഥാനത്തെ ആദ്യ എയര്‍സ്ട്രിപ് ഇടുക്കിയില്‍ പ്രവര്‍ത്തന സജ്ജമാവുന്നു
അഡ്മിൻ
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യ എയര്‍സ്ട്രിപ് ഇടുക്കിയില്‍ പ്രവര്‍ത്തന സജ്ജമാവുന്നു. ഇടുക്കി പീരുമേടിലെ മഞ്ഞുമലയിലാണ് എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഒരുക്കുന്നത്. പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണ് പുര്ത്തിയാവുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോള്‍ അതില്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയായി വരികയാണ്. പൊതുമരാമത്ത് വകുപ്പാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നത്.
പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക. അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് അശ്രയമേകാനും എയര്‍ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.
രാജ്യത്തെ ഏക എന്‍സിസി എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷയേകുന്നതാണ്. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയര്‍ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിര്‍മ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു..