അഴിച്ചുപണിക്ക് ശേഷവും ബിജെപിയിൽ അസംതൃപ്തി.ചില സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും മാറ്റിയ നടപടിക്കെതിരേ ബിജെപിക്കുള്ളിൽ തന്നെ നിരവധി പേരാണ് ഇപ്പോൾ അമർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
കോർ കമ്മിറ്റിയെ വെറും നോക്കുകുത്തിയാക്കിയാക്കിയെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് നിയോജകമണ്ഡലങ്ങളിൽ നിന്ന് ലഭിച്ച പരാതി പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം മുഖവിലക്കെടുത്തില്ലെന്നും സംസ്ഥാന അധ്യക്ഷന്റെ തീരുമാനങ്ങൾ എല്ലാം തന്നെ ഏകപക്ഷീയമാണെന്നുമാണ് മുതിർന്ന നേതാക്കൾ ഉയർത്തുന്ന ആരോപണം.
ഒരു മുൻ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചില മുതിർന്ന നേതാക്കൾ പാർട്ടിവിടാൻ ഒരുങ്ങുകയാണ് ഇപ്പോൾ. സംസ്ഥാനത്തെ പ്രമുഖരായ രണ്ട് ന്യൂനപക്ഷനേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. കഴിഞ്ഞദിവസം ജില്ലാ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട നേതാക്കളെയും അതൃപ്തരായ മുൻകാല നേതാക്കളെയും ഇവർ ബന്ധപ്പെടുന്നതായാണ് സൂചന.
കൊടകര പണമിടപാട്, തിരഞ്ഞെടുപ്പ് തോൽവി എന്നിവയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്ന് മുതിർന്ന നേതാക്കളും സുരേന്ദ്രൻ വിരുദ്ധപക്ഷക്കാരും കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ സുരേന്ദ്രനോട് അടുപ്പമുള്ളവരെ ഉൾപ്പെടുത്തി നടത്തിയ പുനഃസംഘടന പാർട്ടിയിൽ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷമുണ്ടായ പ്രതിസന്ധിയെക്കാൾ രൂക്ഷമാകുമെന്നാണ് ഒരുകൂട്ടം അഭിപ്രായപ്പെടുന്നത്.