കോവിഡ് പ്രതിസന്ധി: ഹരിതകര്‍മ്മസേനയ്ക്കുണ്ടായ വരുമാനക്കുറവ് നികത്താൻ നടപടി

കോവിഡ് പ്രതിസന്ധി നിമിത്തം ഹരിതകര്‍മ്മസേനയ്ക്കുണ്ടായ വരുമാനക്കുറവ് നികത്താനായി പ്ലാന്‍ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളിലാണ് പ്രധാനമായും വരുമാനമില്ലായ്മ ഉണ്ടായിട്ടുള്ളത്. കൃത്യമായ ഇടവേളകളില്‍ വാതില്‍പ്പടി ശേഖരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനകള്‍ക്കും മാത്രമേ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കു എന്ന് മന്ത്രി വ്യക്തമാക്കി.

ഹരിതകര്‍മ്മ സേനയ്ക്ക് പ്രത്യേക വേതനത്തിന് പുറമെ, പ്രവര്‍ത്തനം ക്രമപ്പെടുത്തി യൂസര്‍ഫീ സമാഹരണം, പാഴ്‌വസ്തു വില്‍പ്പന, കമ്പോസ്റ്റ് വളം വില്‍പ്പന, അണുനശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് മന്ത്രി പറഞ്ഞു.

വി ജി എഫ് കാലയളവിന് ശേഷവും യൂസര്‍ ഫീ പിരിവിലൂടെയും മറ്റ് വരുമാന സ്രോതസ്സുകളിലൂടെയും ഹരിത കര്‍മ്മസേനയ്ക്ക് വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ഫണ്ടില്‍ നിന്നും ഹരിത കര്‍മ്മസേനയ്ക്ക് അര്‍ഹമായ വേതനം നല്‍കണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു.

07-Oct-2021