സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ സർക്കാർ പുറത്തിറക്കി. 'തിരികെ സ്‌കൂളിലേക്ക്' എന്ന പേരിലാണ് മാർഗരേഖ പുറത്തിറക്കിയത്. പൊതുനിർദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാർഗരേഖയാണ് നിലവിൽ വരിക. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകൾക്കാവും പ്രധാന ചുമതലയുണ്ടാവുക.രക്ഷിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ വിദ്യാർഥികൾ സ്കൂളിൽ വന്നാൽ മതിയാകും. എല്ലാവരും സ്കൂളിൽ എത്തണമെന്ന് നിർബന്ധമില്ല.
ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസ്. പൊതു അവധി അല്ലാത്ത ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അതേസമയം ഉച്ചഭക്ഷണം നൽകുന്നത് സ്‌കൂളുകളുടെ സാഹചര്യം പരിഗണിച്ച് മാത്രമായിരിക്കും. വിപുലമായ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കും.വിദ്യാർഥികൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ഓട്ടോകളിൽ പരമാവധി മൂന്ന് വിദ്യാർഥികൾക്കാവും സഞ്ചരിക്കാൻ സാധിക്കുക.
വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല. സ്‌കൂൾ അസംബ്ലികൾ തൽക്കാലമുണ്ടാവില്ല.ഡോക്ടർമാരുടെ സേവനം സ്കൂളുകളിൽ ഉറപ്പാക്കാൻ ശ്രദ്ധിക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനോത്സവം നടത്താനാണ് ശ്രമം രണ്ട് ഡോസ് വാക്‌സീൻ അധ്യാപക - അനധ്യാപക ജീവനക്കാർക്ക് നിർബന്ധമാണെന്നും മാർഗരേഖയിൽ പറയുന്നു. സ്‌കൂൾ ബസിലെ ജീവനക്കാർക്കും ഈ നിബന്ധന ബാധകമാണ്. കുട്ടികൾ കൂട്ടം കൂടുന്നില്ലെന്ന് അധ്യാപകർ ഉറപ്പാക്കണമെന്ന് മാർഗരേഖയിൽ പറയുന്നു.