ടൂറിസം മേഖലയില്‍ റിവോൾവിങ് ഫണ്ട് പദ്ധതി നടപ്പാക്കും; ഉത്തരവിറങ്ങി
അഡ്മിൻ
കോവിഡ് പ്രതിസന്ധിയിൽ പെട്ട് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച റിവോൾവിംഗ് ഫണ്ട് പദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങിയതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർക്ക് പലിശ രഹിത- ഈട് രഹിത വായ്പ നൽകുന്നതാണ് പദ്ധതി.
ഇപ്പോൾ പത്ത് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. റിവോൾവിംഗ് ഫണ്ട് പദ്ധതിയിലൂടെ ഒരു വ്യക്തിക്ക് പരമാവധി 10,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഏതെങ്കിലും അംഗീകൃത (രജിസ്റ്റേർഡ്) സംഘടനയിലെ അംഗമായ, ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴിൽ ചെയ്യുന്നവർക്കും ഉത്തരവാദിത്ത ടൂറിസം മിഷൻ മുഖേന രജിസ്റ്റർ ചെയ്ത യൂണിറ്റുകൾക്കും ഈ വായ്പക്കായി അപേക്ഷിക്കാം.
സംസ്ഥാന ടൂറിസം വകുപ്പ്, ടൂറിസം മന്ത്രാലയം, കേരള ട്രാവൽ മാർട്ട് സൊസൈറ്റി , മറ്റേതെങ്കിലും അംഗീകൃത ടൂറിസം സംഘടന എന്നിവയിൽ അംഗത്വമുള്ളതും കേരളത്തിൽ പ്രവർത്തിക്കുന്നതുമായ ടൂർ ഓപ്പറേറ്റർ, ട്രാവൽ ഏജൻസി, ടൂറിസ്റ്റ് ടാക്സി, ടൂറിസ്റ്റ് ബസ്, ശിക്കാര വള്ളം, ഹൗസ് ബോട്ട്, ഹോട്ടൽ, റിസോർട്ട്, റെസ്റ്റോറന്റ്, ആയുർവേദ സെന്റർ, ഗൃഹസ്ഥലി, സർവീസ്ഡ് വില്ല , അമ്യൂസ്മെന്റ് പാർക്ക്, ഫാം ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളിലെ ജീവനക്കാർ, ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ പ്രവർത്തിച്ച് വരുന്ന സൂക്ഷ്മ സംരഭങ്ങൾ, കലാ സംഘങ്ങൾ, ആയോധന കലാ സംഘങ്ങൾ, കരകൗശല വിദഗ്ധ സംഘങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിച്ച് വരുന്ന വ്യക്തികൾ, കേരള ടൂറിസം / ഇൻഡ്യ ടൂറിസം ലൈസൻസ് ഉള്ള ടൂർ ഗൈഡുകൾ എന്നിവരായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.
ഉത്തരവാദിത്ത ടൂറിസം മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കുക. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഇതിനായി ടൂറിസം വകുപ്പ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ സജ്ജമാക്കും. ഒരു വർഷത്തെ മൊറട്ടോറിയം കഴിഞ്ഞ് രണ്ട് വർഷത്തിനകം ഗുണഭോക്താവ് തുക തിരിച്ചടക്കണം. ഓരോ സംഘടനയിലെയും അംഗങ്ങളുടെ തിരിച്ചടവ് അതാത് സംഘടനകൾ ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അപേക്ഷകൾ പരിശോധിച്ച് വായ്പ അനുവദിക്കുന്നതിനുള്ള സമിതിയെയും സർക്കാർ രൂപീകരിച്ചു. ഈ കമ്മിറ്റിയിൽ ടൂറിസം ഡയറക്ടർ ചെയർമാനും സ്റ്റേറ്റ് ആർ.ടി.മിഷൻ കോർഡിനേറ്റർ കൺവീനറുമായിരിക്കും.
ടൂറിസം വകുപ്പ് ഫിനാൻസ് ഓഫീസർ , മാർക്കറ്റിംഗ് ഡപ്യൂട്ടി ഡയറക്ടർ കേരള ട്രാവൽ മാർട്ടിന്റെ 2 പ്രതിനിധികൾ, അട്ടോയിയുടെ 2 പ്രതിനിധികൾ, ഹോസ്റ്റേ സംഘടനകളുടെ 2 പ്രതിനിധികൾ, കേരള ടൂറിസം പ്രഫഷണൽ ക്ലബ്ബിന്റെ പ്രസിഡന്റ് / പ്രതിനിധി, ടൂറിസം കെയർ ഫൗണ്ടേഷന്റെ 2 പ്രതിനിധികൾ, സാഹസിക ടൂറിസം മേഖലയിലെ (ADT OI ) സംഘടനാ പ്രതിനിധി, ടൂറിസം സംരക്ഷണ സമിതി പ്രസിഡന്റ് / പ്രതിനിധി, അംഗീകൃത ടൂറിസ്റ്റ് ഗൈഡുമാരുടെ സംഘടനാ പ്രതിനിധി എന്നിവർ അംഗങ്ങളാണ്. ടൂറിസം മേഖലയുടെ തിരിച്ചു വരവിന് ഗുണകരമാകുന്ന ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
08-Oct-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ