കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി മഹുവ
അഡ്മിൻ
ജനങ്ങൾ ഇനിയും വോട്ട് ചെയ്ത് ബിജെപിയെയാണ് വിജയിപ്പിക്കുന്നതെങ്കില്‍ ഈ രാജ്യം അര്‍ഹിക്കുന്ന സര്‍ക്കാരാണ് ബിജെപിയുടേതെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിക്കുകയായിരുന്നു അവര്‍. ട്വിറ്ററിലൂടെയാണ് മഹുവയുടെ രോഷം കലര്‍ന്ന ഈ വിമര്‍ശനം. ക്രൂരതയില്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും തുടരുന്ന മൗനത്തെ വിമര്‍ശിച്ചാണ് മഹുവ ഇത് കുറിച്ചത്.
അതേസമയം ലഖിംപുരില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മറ്റുള്ള കൊലപാതകക്കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം സമന്‍സ് അയയ്ക്കുകയാണോ ചെയ്യുന്നതെന്നു സര്‍ക്കാരിനോടു കോടതി ചോദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കും. എട്ടു പേരാണ് ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിച്ചേ മതിയാവൂ. യുപി സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.