രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം.കോവിഡ്-19 തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുക.അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചര്‍ച്ച ചെയ്ത് തയ്യാറാക്കും.22ന് ചേരുന്ന 3 ദിവസത്തെ കേന്ദ്രകമ്മറ്റി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച്‌ അന്തിമ രൂപം നല്‍കും.

ഇതിന് പുറമെ പൊതു രാഷ്ട്രീയ സാഹചര്യം, കര്‍ഷക സമരം, ലഖിംപൂരിലെ കര്‍ഷക കൊലപാതകം എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും ഇന്നലെ വൈകിട്ടോടെ ദില്ലിയില്‍ എത്തിയിരുന്നു.ദില്ലിയില്‍ ആശുപത്രിയില്‍ ക‍ഴിയുന്ന എസ്‌ആര്‍പിയെയും ഇരു നേതാക്കളും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

09-Oct-2021