കഴിഞ്ഞ വര്‍ഷം ചെലവഴിക്കാന്‍ കഴിയാത്ത ഫണ്ട് പൂര്‍ണ്ണമായും ഇപ്പോള്‍ അനുവദിച്ചു
അഡ്മിൻ
തിരുവനന്തപുരം :തദ്ദേശഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം (202021) പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്റ് വകയിരുത്തി ഏറ്റെടുത്തതും മാര്‍ച്ച് 31-ന് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഫണ്ട് അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
ആകെ 1056.75 കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 512.55 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 76.51 കോടി രൂപയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 97.07 കോടി രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 204.52 കോടി രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 166.10 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ചെലവഴിക്കാന്‍ കഴിയാത്ത ഫണ്ട് പൂര്‍ണ്ണമായും ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ക്കുള്ള ക്യാരി ഓവര്‍ ഫണ്ട് സാധാരണയായി സാമ്പത്തിക വര്‍ഷം അവസാനമാണ് അനുവദിക്കുന്നത്. എന്നാല്‍, ഈ വര്‍ഷം വളരെ നേരത്തെ തന്നെ ഫണ്ട് അനുവദിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് ബാങ്ക് അക്കൗണ്ട് മുഖേന ചെലവഴിക്കുന്ന പുതിയ രീതി ഈ വര്‍ഷം മുതല്‍ ലഭിക്കുന്ന ഫണ്ടിനാണ് ബാധകമായിട്ടുള്ളത്. സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ക്കുള്ള ക്യാരി ഓവര്‍ ഫണ്ട് മുന്‍കാലങ്ങളിലെ പോലെ ട്രഷറി ബില്ലുകള്‍ ഉപയോഗിച്ച് മാറി നല്‍കാവുന്നതാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.