ബാർബർ തൊഴിലാളികളെ അപമാനിച്ച ഡി.സി.സി പ്രസിഡന്റിനെതിരെ സംഘടന
അഡ്മിൻ
ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ മുടി ഇനിമുതൽ മുറിച്ച് നൽകില്ലെന്ന് ബാർബേഴ്സ് അസോസിയേഷൻ. ബാർബർ തൊഴിലാളികളെ അപമാനിച്ച ഡി.സി.സി പ്രസിഡന്റിന്റെ മുടി മുറിച്ച് നൽകേണ്ടെന്നാണ് ബാര്‍ബേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
വണ്ടിപ്പെരിയാറിൽ കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെയാണ് ഡിസിസി പ്രസിഡന്റ് സിപി. മാത്യു വിവാദ പരാമർശം നടത്തിയത്. ‘മണ്മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണിൽപ്പോലും കിടക്കാൻ അനുവദിക്കില്ലെങ്കിൽ ഞങ്ങൾ ചെരയ്ക്കാനല്ല നടക്കുന്നത്’ എന്നായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം. ഇതിന് പിന്നാലെയാണ് കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷൻ രംഗത്തെത്തിയത്.
തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്നതാണ് സിപി മാത്യുവിന്റെ പരാമര്‍ശം. എപ്പോഴായാലും എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. ഞങ്ങളുടെ ജോലിയെ മോശമായാണ് അദ്ദേഹം ചിത്രീകരിച്ചത്. പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചെങ്കിലും തിരുത്താൻ തയ്യാറായില്ലെന്നും ബാര്‍ബര്‍മാര്‍ പറയുന്നു.