കേരളത്തിനെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുത്താൻ ശ്രമം നടന്നു: മന്ത്രി കെഎൻ ബാലഗോപാൽ
അഡ്മിൻ
സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ഉടൻ നൽകണമെന്ന ആവശ്യവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. കടമെടുപ്പ് പരിധിയിൽ കേന്ദ്രം വലിയ വെട്ടിക്കുറവ് വരുത്തിയതായും, ഇത് സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കേന്ദ്രമന്ത്രിയെ അറിയിച്ചതായി ബാലഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി നേരത്തെ ധനമന്ത്രിയുമായി ഉന്നയിച്ച ആവശ്യങ്ങൾ വീണ്ടും വിശദീകരിച്ചുവെന്നും, വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ബാലഗോപാൽ വ്യക്തമാക്കി. ഐജിഎസ്ടി വരുമാനത്തിൽ വലിയ കുറവ് സംഭവിക്കുന്നുവെന്ന കാര്യവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും, കേരളത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് മികച്ച സാമ്പത്തിക വളർച്ച കൈവരിച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ടെന്നും, ജിഎസ്ടി പ്രകടനത്തിലും കേരളം ആദ്യ അഞ്ചിൽ ഉൾപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് അനുകൂലമായ തീരുമാനം കേന്ദ്രം കൈക്കൊള്ളണമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പിന്തുടരുന്നതെന്നും, കേരളം എന്ത് കുറ്റമാണ് ചെയ്തതെന്ന ചോദ്യവും ബാലഗോപാൽ ഉയർത്തി. സംസ്ഥാനത്തിന് വേണ്ടി കോൺഗ്രസ് എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. തൊഴിലുറപ്പ് പദ്ധതി ദുർബലമാക്കിയതും കേന്ദ്രത്തിന്റെ നടപടിയാണെന്നും, ബിജെപി പ്രചരിപ്പിക്കുന്നതു പോലെ 125 ദിവസത്തെ തൊഴിൽ സൃഷ്ടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാൽ കേരളത്തിലെ ജനങ്ങൾ മുട്ടുമടക്കില്ലെന്നും, സംസ്ഥാനത്തിന് അർഹമായ കാര്യങ്ങൾ ലഭിക്കണമെന്നും മന്ത്രി വ്യക്തമാക്കി.