കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം ആരംഭിച്ചതായി ഇഡി

സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. ഫയൽ ഓപ്പൺ ചെയ്തതായി ഇഡി വ്യക്തമാക്കി. തുടർന്ന് കേസ് കോടതി തീർപ്പാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഇഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ നിലപാടറിയിക്കുന്നതിന് ഇഡി സാവകാശം തേടിയിരുന്നു.

പ്രതികളെ സഹായിക്കാൻ ഇഡി ഒത്തു കളിക്കുകയാണെന്നും ഹർജി ഭാഗം നേരത്തെ ആരോപിച്ചിരുന്നു.

24-Nov-2021