മുസ്ലീങ്ങൾക്കും, ക്രിസ്ത്യാനിക്കും ആഘോഷങ്ങൾ നടത്താൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

സ്വർണക്കൊള്ളക്കേസിലെ രണ്ട് പ്രതികൾ എങ്ങനെയാണ് സോണിയാ ഗാന്ധിയെ കണ്ടതെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. സൗഹൃദ സന്ദർശനത്തിന്റെ രണ്ട് ഫോട്ടോകൾ പുറത്തുവന്ന സാഹചര്യത്തിൽ, ആരാണ് അപ്പോയിന്റ്മെന്റ് എടുത്ത് നൽകിയതെന്ന ചോദ്യത്തിന് യുഡിഎഫ് കൺവീനർക്ക് മറുപടിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരാണ് അപ്പോയിന്റ്മെന്റ് ഒരുക്കിയത്, എന്തായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശ്യം എന്നിവയ്ക്ക് മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് കൺവീനർക്കുണ്ടെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എന്നാൽ അടൂർ പ്രകാശ് എം.പി വ്യക്തമായ മറുപടി നൽകാത്തതോടെ വിഷയത്തിൽ കൂടുതൽ ദുരൂഹതയുണ്ടാകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയോടൊപ്പമുള്ളതായി അടൂർ പ്രകാശ് പുറത്തുവിട്ട ഫോട്ടോ എഐ വഴി നിർമ്മിച്ചതാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സോണിയാ ഗാന്ധിയുമായുള്ള സന്ദർശനം അന്വേഷണ പരിധിയിൽ വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ “പഴയ ബോംബ് കഥ” പോലെയാണെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മതസൗഹാർദ്ദം തകർക്കുന്ന ആക്രമണങ്ങൾ നടക്കുകയാണെന്നും ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സമാനമായ ബുദ്ധിമുട്ടുകളാണ് മറ്റ് സംസ്ഥാനങ്ങളിൽ നേരിടുന്നതെന്നും, എന്നാൽ ഈ മതവിഭാഗങ്ങൾക്ക് ആഘോഷങ്ങൾ സ്വതന്ത്രമായി നടത്താൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലും നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, ഇത്തരം സംഭവങ്ങളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. കർണാടകയിൽ നടക്കുന്ന ‘ബുൾഡോസർ രാജ്’ ഉത്തരേന്ത്യൻ ശൈലിയിലുള്ള അക്രമണങ്ങളുടെ ഭാഗമാണെന്നും, കോൺഗ്രസ് നേതൃത്വം നൽകുന്ന കർണാടകയിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

25-Dec-2025