പുഷ്പന് ആധുനിക സൗകര്യങ്ങളുള്ള വീട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി

കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് 27 വർഷമായി ശരീരം തളർന്നുകിടക്കുന്ന പുതുക്കുടി പുഷ്പന് ആധുനിക സൗകര്യങ്ങളുള്ള വീട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ചൊക്‌ളി മേനപ്രത്തെ തറവാട്ടുവീട്ടിൽ എത്തിയ മുഖ്യമന്ത്രി താക്കോൽ പുഷ്പന് കൈമാറുകയായിരുന്നു. ചടങ്ങിന് ബന്ധുക്കളും പാർട്ടി പ്രവർത്തകരും സാക്ഷിയായി.

ഇന്നലെ (നവംബർ 27) വൈകിട്ട് 3.35 ഓടെയാണ് മുഖ്യമന്ത്രി മേനപ്രത്ത് എത്തിയത്. പുഷ്പന് വീട് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ നൂറുകണക്കിന് പ്രവർത്തകർ എത്തിയിരുന്നു. പുഷ്പൻ ഇപ്പോൾ താമസിക്കുന്ന തറവാട്ട് വീടിന് തൊട്ടടുത്താണ് പുതിയ വീട് നിർമ്മിച്ചത്.പുഷ്പന് താക്കോൽ കൈമാറിയ ശേഷം മുഖ്യമന്ത്രി പുതിയ വീട് സന്ദർശിച്ചു.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെയാണ് അഞ്ച് സെന്റിൽ ആധുനിക സൗകര്യങ്ങളുള്ള ഇരുനില വീട് നിർമ്മിച്ചത്. താക്കോൽ കൈമാറൽ ചടങ്ങിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം അദ്ധ്യക്ഷനായി.

പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീർ എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ, പി. ഹരിന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. പവിത്രൻ, എം.സി. പവിത്രൻ, കെ. ധനഞ്ജയൻകെ. ലീല, പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് മനു തോമസ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വി.കെ. സനോജ്, എം. വിജിൻ എം.എൽ.എ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ മുഹമ്മദ് അഫ്‌സൽ, സരൺ ശശി, പി.പി. ഷാജർ, പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ, പ്രസിഡന്റ് പി.പി. പ്രഗീഷ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഷാജർ സ്വാഗതം പറഞ്ഞു.

28-Nov-2021