സഹകരണനിയമം സംസ്ഥാനവിഷയമാണ്: മന്ത്രി വി.എൻ വാസവൻ

സഹകരണ പ്രസ്ഥാനത്തിനുമേൽ കടുത്തനിയന്ത്രണം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് നീക്കത്തെ നേരിടുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എ,ബി,സി ക്ലാസ് എന്നിങ്ങനെ സഹകരണസംഘങ്ങളിൽ അംഗത്വത്തിന്റെ കാര്യത്തിൽ വിഭജനം വേണ്ടായെന്ന സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി നിലവിലുണ്ട്. അത് മറികടന്ന് സഹകരണസംഘങ്ങളിലെ എ ക്ലാസ് അംഗങ്ങൾക്ക് മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തുന്ന ആർ.ബി.ഐയുടെ തിട്ടൂരം അംഗീകരിക്കാനാവില്ല.

ഈ നീക്കങ്ങൾക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ട്. മാത്രവുമല്ല സഹകരണനിയമം സംസ്ഥാനവിഷയമാണ്. അതുകൊണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ നാനാവിധ പദ്ധതികളുമായി കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ അഭംഗുരം മുന്നോട്ടുപോകും. അതിനെ പലരൂപത്തിൽ തകർക്കാനും തളർത്താനും നടത്തുന്ന നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റംപറയാനാവില്ല.

സമൂഹത്തിൽ എപ്പോഴൊക്കെ കഷ്ടപ്പാടുകളും ദുരിതങ്ങളും ദുരന്തങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുവോ അപ്പോഴൊക്കെ സഹായഹസ്തവുമായി ഓടിയെത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സമാന്തര സാമ്പത്തികപ്രസ്ഥാനമാണ് സഹകരണമേഖല. ജനജീവിതത്തിന്റെ സമസ്തമേഖലയിലും ഇടപെടുന്ന സഹകരണപ്രസ്ഥാനം നാടിന്റെ കാർഷിക, വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യമേഖലകളിൽ വലിയ ചുമതലകളാണ് നിർവഹിക്കുന്നത്.

കൊവിഡ് വന്നപ്പോഴും നാട്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയുണ്ടായപ്പോഴും ആദ്യം ജനങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും മുന്നിട്ടുനിന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. വീടുനഷ്ടപ്പെട്ടവർക്ക് 2074 വീടുകൾ സഹകരണമേഖല സൗജന്യമായി വിതരണംചെയ്തു.അടുത്തമാസം 6ന് തൃശൂരിൽ 40 ഫ്‌ളാറ്റുകൾ പാവങ്ങൾക്കായി നിർമ്മിച്ചുനൽകും. കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടമായി എല്ലാ ജില്ലകളിലും ഫ്‌ളാറ്റ് സമുച്ചയം പണിയും. വീടും സ്ഥലവും ഇല്ലാത്തവർക്ക് അത് നിർമ്മിച്ചുകൊടുക്കാനാണ് സഹകരണമേഖല ലക്ഷ്യമിടുന്നത്.കൊവിഡിനെ പ്രതിരോധിക്കാൻ ഹെൽപ്പ് ഡെസ്‌കുകളായി പ്രവർത്തിച്ചു. കമ്മ്യൂണിറ്റി കിച്ചനുകളെ സഹായിച്ചു.

വായ്പക്കാർക്ക് തിരിച്ചടവിന് സാവകാശം നൽകിയും വൺടൈം സെറ്റിൽമെന്റ് സൗകര്യം ഏർപ്പെടുത്തിയും ചില സ്ഥലങ്ങളിൽ മൊറട്ടോറിയം പ്രഖ്യാപിച്ചും വലിയ ആശ്വാസനടപടികൾ സ്വീകരിച്ചു. മൊബൈൽഫോൺ വാങ്ങാൻ നിവർത്തിയില്ലാത്ത വിദ്യാർത്ഥികൾക്കുവേണ്ടി വിദ്യാതരംഗിണി എന്ന പേരിൽ ഒരുരൂപപോലും പലിശകൂടാതെ 92 കോടിരൂപ വായ്പനൽകി. മന്ത്രി പറഞ്ഞു.

28-Nov-2021