പതിനായിരം പേർക്ക് ജോലിയുമായി പുതുവർഷം തുടങ്ങാൻ സംസ്ഥാന സർക്കാർ
അഡ്മിൻ
പതിനായിരം പേർക്കു ജോലിയുമായി പുതുവർഷം തുടങ്ങാൻ സംസ്ഥാന സർക്കാർ. ഇതിനായി ഡിസംബർ 15 മുതൽ ജനുവരി 18 വരെ 14 ജില്ലകളിൽ കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ തൊഴിൽ മേളകൾ നടത്തും. സർക്കാർ പ്രഖ്യാപിച്ച '5 വർഷത്തിനകം 20 ലക്ഷം പേർക്കു തൊഴിൽ' പദ്ധതി ഔദ്യോഗികമായി തുടങ്ങുന്നതിനു മുൻപ് 10,000 പേർക്കെങ്കിലും ജോലി നൽകി വിശ്വാസ്യത നേടണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണു തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിൽദാതാക്കളെ കേരളത്തിലെത്തിക്കും. രാജ്യാന്തര തൊഴിൽ പ്ലാറ്റ്‌ഫോം ആയ മോൺസ്റ്റർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു. തൊഴിൽ പ്ലാറ്റ്‌ഫോം ഫ്രീലാൻസർ ഉൾപ്പെടെ സ്ഥാപനങ്ങളുമായി ഉടൻ ധാരണയിലെത്തും. കഴിഞ്ഞ മന്ത്രിസഭാ യോഗം 20 ലക്ഷം പേർക്കു തൊഴിൽ നൽകുന്ന പദ്ധതി തത്വത്തിൽ അംഗീകരിച്ചിരുന്നു.
5 വർഷം കൊണ്ട് 5000 കോടി രൂപയാണു പദ്ധതി ചെലവു കണക്കാക്കിയിരിക്കുന്നത്. 1500 കോടി രൂപ പ്ലാനിങ് ഫണ്ട് ആയി മാറ്റിവച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ 2000 കോടി രൂപ കിഫ്ബിയിൽ നിന്നും 1500 കോടി രൂപ ലോകബാങ്ക്, എഡിബി എന്നിവിടങ്ങളിൽ നിന്നും വായ്പയെടുക്കും.