ആര്‍എസ്എസിനെപ്പോലെതന്നെ എസ്ഡിപിഐയുടെ രാഷ്ട്രീയത്തെയും ഇഴകീറി പരിശോധിക്കുകയും തുറന്നുകാണിക്കുകയും വേണം.

കേരളത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നു. മലപ്പുറം ജില്ലയിലെ വേങ്ങരയില്‍. മുസ്ലീംലീഗിന്റെ ആ കോട്ടയില്‍ യു ഡി എഫ് കിതച്ചാണ് ജയിച്ചുകയറിയത്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്റെ വിജയം ശോഭയേറിയതായിരുന്നില്ല. ആ മുന്നണിയിലുള്ളവര്‍ തന്നെ വിജയം പോര എന്ന് വിലയിരുത്തി. ചിലര്‍ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് കഴിഞ്ഞ ഇലക്ഷനില്‍ ഭൂരിപക്ഷം കൂടിയത് എന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടിയെ സുഖിപ്പിച്ചു. തോല്‍വിപോലൊരു ജയമായിപ്പോയി വേങ്ങരയിലേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ 14,747 വോട്ടിന്റെ കുറവാണ് യു ഡി എഫ് സ്ഥാനാര്‍ഥിക്കുണ്ടായത്. മണ്ഡലത്തില്‍ കാല്‍ലക്ഷത്തിലധികം വോട്ട് കൂടുതലായി പോള്‍ ചെയ്തു. എന്നിട്ടും മുന്നേറ്റമുണ്ടാക്കാന്‍ യു ഡി എഫിന് സാധിച്ചില്ല. അവരുടെ ആറരശതമാനം വോട്ടാണ് അവിടെ ചോര്‍ന്നുപോയത്. മണ്ഡലത്തിലെ ആറു പഞ്ചായത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു ഡി എഫിന് വോട്ടുകുറഞ്ഞത് ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായി മാറി. പരാജയം പോലുള്ള ഒരു വിജയം എന്നതിനപ്പുറത്ത് യു ഡി എഫില്‍ പോലും വേങ്ങര ചലനം സൃഷ്ടിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലീംലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണ്. സാമുദായികതയാണ് അവര്‍ പാവപ്പെട്ട മുസ്ലീംങ്ങള്‍ക്ക് മുന്നില്‍ വിളമ്പുന്നത്. അത്രമേല്‍ ദാരിദ്ര്യം നിറഞ്ഞ ജീവിത പരിസരത്ത് നില്‍ക്കുമ്പോഴും മുസ്ലീം ലീഗാണ് നമ്മുടെ പാര്‍ട്ടി എന്ന് മിക്ക മുസ്ലീംങ്ങളും പറയുന്നത്, വര്‍ഗീയതയും മേലാപ്പ് പേറി നില്‍ക്കുന്ന പാര്‍ട്ടിയാണ് അതെന്നുള്ളത് കൊണ്ടാണ്. ഇപ്പോഴും മുസ്ലീം ലീഗിന്റെ മണ്ഡലങ്ങളില്‍ വോട്ടരമാ##്‌രുടെ വീടുകളില്‍ പാണക്കാടുനിന്ന് കൊടുത്തയച്ചത് എന്ന് പറയപ്പെടുന്ന ഉറുക്കും നൂലും കത്തും കൊടുത്തുവിടുന്ന ഏര്‍പ്പാടുണ്ട്. ''ഈ കത്തുമായി വരുന്നയാള്‍ എന്റെ പ്രതിനിധിയാണ്. അയാള്‍ പറയും പോലെ ചെയ്യുക'' എന്നെഴുതിയ കടലാസ് കൊടുത്ത് ലീഗിന് വോട്ടുചെയ്യാന്‍ പറയുന്ന അന്ധവിശ്വാസം കൂടിയാണ് മുസ്ലീംലീഗിന്റെ രാഷ്ട്രീയം. അതില്‍ നിന്നും മലപ്പുറത്തെ ലീഗ് കോട്ടപോലും മാറി നടക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന വിളിച്ചുപറയലാണ് വേങ്ങരയില്‍ ഇടിഞ്ഞുവീണ ഭൂരിപക്ഷം.

02-May-2018