വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഉത്തര്‍പ്രദേശ് തഴയും: രാകേഷ് ടികായത്ത്

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരെ മാത്രമായിരിക്കും ജനങ്ങള്‍ യുപിയിൽ പിന്തുണയ്ക്കുകയെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ഇപ്പോൾ സംസ്ഥാനത്തെ കര്‍ഷകര്‍ ദുരിതത്തിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഉത്തര്‍പ്രദേശ് തഴയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യുപി നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയും മധ്യവര്‍ഗത്തിന്റെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാല്‍ പാകിസ്ഥാന്‍, ജിന്ന തുടങ്ങിയതാണ് ഇവിടുത്തെ പ്രധാന പാര്‍ട്ടിയുടെ വിഷയം. എന്നാല്‍ ഇതൊന്നും വിലപ്പോവാന്‍ വഴിയില്ല,’ രാകേഷ് ടികായത്ത് പറയുന്നു. അഖിലേഷ് യാദവ് പാകിസ്ഥാന്‍ അനുകൂലിയാണെന്നും ജിന്നയെ ആരാധിക്കുന്നവനാണെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള മറുപടിയെന്നോണമാണ് ടികായത് ഇങ്ങിനെ പറഞ്ഞത്.

‘ ഞാനൊരു രാഷ്ട്രീയക്കാരനല്ല. ഞാന്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാത്രമാണ് ഞാന്‍ ഉന്നയിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നം തന്നെയായിരിക്കും ഞാന്‍ ഇനിയും ഉന്നയിക്കുന്നത്,’ ടികായത്. പറഞ്ഞു.

29-Jan-2022