വൈദ്യുതി നിരക്കിൽ ഒരു രൂപ മുതൽ- ഒന്നര രൂപ വരെ വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശിപാർശ
അഡ്മിൻ
വൈദ്യുതി നിരക്കിൽ ഒരു രൂപ മുതൽ- ഒന്നര രൂപ വരെ വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശിപാർശ. അടുത്ത അഞ്ച് വർഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷൻ ഇന്ന് റഗുലേറ്ററി കമ്മിഷന് സമർപ്പിക്കും. അതേസമയം, നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കിൽ നൽകി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. യൂണിറ്റിന് 2.33 രൂപയുടെ വർധനയാണ് ഉദ്ദേശിക്കുന്നതെങ്കിലും വൈദ്യുതി വാങ്ങൽ ചെലവിലെ കുറവ്, വിൽപന തുടങ്ങിയവ കാരണം നിരക്ക് കുറയും.
ഈ വർഷം ഒരു രൂപയും പിന്നീട് ഒന്നര രൂപ വരെയും വർധനവുണ്ടാകും. കഴിഞ്ഞ തവണ യൂണിറ്റിന് 30 പൈസയുടെ നിരക്കു വർധന മാത്രമാണ് നടപ്പാക്കിയത്. അടുത്ത 5 വർഷത്തേക്ക് കെ.എസ്.ഇ.ബിയുടെ മൂലധന നിക്ഷേപം 28,000 കോടി രൂപയാണെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 13,000 കോടി പ്രസരണ, വിതരണ ശൃംഖല ശക്തിപ്പെടുത്താനാണ്. 60 ശതമാനം കേന്ദ്ര ഗ്രാൻഡുള്ളതിനാൽ നിരക്ക് വർധനയിലേക്ക് മാറ്റേണ്ടതില്ല.