എം ജി സര്‍വകലാശാല കൈക്കൂലി കേസിൽ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി ആര്‍ ബിന്ദു
അഡ്മിൻ
വിദ്യാര്‍ത്ഥിയില്‍ നിന്ന് എം ജി സര്‍വകലാശാല ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വ്വകലശാല രജിസ്ട്രാറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേവന സൗകര്യങ്ങള്‍ക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും വേഗത്തില്‍ നല്‍കാന്‍, വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ കഴിഞ്ഞ ദിവസമാണ് എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി ജെ എല്‍സിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
വിജിലന്‍സ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എല്‍സിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരത്തെ കോളേജില്‍ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതേ കുട്ടിയില്‍ നിന്നും നേരത്തെ ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയ എല്‍സി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയത്.