സംസ്ഥാന ശുചിത്വ മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിന്റെ ഭാഗമായി 'തെളിനീര്‍ ഒഴുകും നവകേരളം' എന്ന സമ്പൂര്‍ണ ജല ശുചിത്വ യജ്ഞം പദ്ധതി ആവിഷ്‌കരിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജലസ്രോതസുകളിലെ മാലിന്യത്തിന്റെ തോത് മനസ്സിലാക്കി ഖര-ദ്രവ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മലിനീകരണം തടയുന്നതിനാവശ്യമായ രൂപരേഖ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തയാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ജലസ്രോതസുകളുടെ മാപ്പിംഗ് പ്രക്രിയ നടക്കുമ്പോള്‍ പൊതുജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച പൊതുബോധ നിര്‍മിതിക്ക് ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കില, ജല വിഭവ വകുപ്പ്, പഞ്ചായത്ത്, നഗരകാര്യ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിച്ചുവെന്ന് മന്ത്രി അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജലത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്നതിനായി തദ്ദേശ സ്ഥാപന പ്രദേശങ്ങളിലെ അഞ്ച് ജല സ്രോതസുകളുടേയും പ്രദേശത്തുകൂടി കടന്നുപോകുന്ന പുഴകളുടേയും വിശദാംശങ്ങള്‍ ശേഖരിക്കും. തെരഞ്ഞെടുത്ത ജലസ്രോതസുകളിലെ ജലത്തിന്റെ ഗുണമേന്മ മനസ്സിലാക്കുന്നതിനായി ബി ഒ ഡി ആന്റ് ടോട്ടല്‍ കോളിഫാം പരിശോധന നടത്തും. ഇതിന്റെ ഫലത്തിനനുസൃതമായി കളര്‍ കോഡിംഗ് നല്‍കി തരംതിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. യൂണിസെഫുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ സാങ്കേതിക സഹായവും വിദഗ്ധരുടെ സേവനവും സംസ്ഥാനതലത്തിലുള്ള പദ്ധതികളുടെ പ്ലാനിംഗിലും നടത്തിപ്പിലും ഉണ്ടാവുമെന്ന് യൂണിസെഫ് വാഗ്ദാനം നല്‍കിയതായി മന്ത്രി കൂട്ടിചേര്‍ത്തു.