ചരിത്ര പ്രാധാന്യമുള്ള നിര്‍മ്മിതികള്‍ സംരക്ഷിച്ച് നിലനിര്‍ത്തും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളില്‍ നിലനില്‍ക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍, പൈതൃക മാതൃകകള്‍ തുടങ്ങിയവ സംരക്ഷിച്ച് നിലനിര്‍ത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഇത്തരം ചരിത്രപ്രധാനമുള്ള എടുപ്പുകളും മറ്റും നിലവിലുള്ള രൂപഘടനയില്‍ കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ഇത്തരം എടുപ്പുകളുള്ള ക്യാമ്പസുകളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികളും നടത്തുമ്പോള്‍ കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂളിലെ വ്യവസ്ഥകള്‍ പ്രകാരം രൂപീകരിച്ച ആര്‍ട്ട് ആന്റ് ഹെറിറ്റേജ് കമ്മീഷന്റെ അനുമതി വാങ്ങണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

എറണാകുളം പറവൂരിലെ കച്ചേരി മന്ദിരങ്ങള്‍ ഉള്‍പ്പെടുന്ന പൈതൃകമാതൃകയുടെ ചരിത്രപ്രധാന്യം കണക്കിലെടുത്ത് അവയെ അതേപടി നിലനിര്‍ത്താനും ആ പ്രദേശത്ത് ഭാവിയില്‍ നടത്തുന്ന വികസന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള പുരാതനമായ നിര്‍മിതിയ്ക്ക് അനുപൂരകമായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം നിര്‍മ്മാണങ്ങളുടെ ചരിത്ര സ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയില്‍ അറ്റകുറ്റപ്പണികളോ, പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്താതിരിക്കാനുള്ള പൊതുവായ നിര്‍ദേശവും നല്‍കിയെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

31-Jan-2022