കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തി: മുഖ്യമന്ത്രി

കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന് പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റ്(Union Budget) ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടണമെന്നത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങളെ തീര്‍ത്തും അവഗണിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകാലത്തെ ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടാകുമെന്ന് സാമ്പത്തിക സര്‍വെയിലൂടെ വ്യക്തമായതാണ്.

എന്നാല്‍, ജനങ്ങളുടെ കയ്യില്‍ പണമെത്തിച്ച് ഇതിനെ നേരിടാനുള്ള ഒരു നടപടിയും ബജറ്റില്‍ കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉള്ളവനും ഇല്ലാത്തവനും ഇടയിലെ അന്തരം വര്‍ധിപ്പിക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വന്‍കിട കോര്‍പ്പറേറ്റ് താത്പ്പര്യങ്ങളെ പ്രീണിപ്പിക്കുന്ന ബജറ്റ് നാടിന്റെയും ജനങ്ങളുടെയും താത്പ്പര്യങ്ങളെ ഹനിക്കുകയാണ്.

സംസ്ഥാനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തിയല്ലാതെ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്ന പ്രാഥമികമായ ബോധം ബജറ്റില്‍ എവിടെയും കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാർഷികമേഖല, ഭക്ഷ്യസബ്‌സിഡി, ഗ്രാമീണ തൊഴിൽ പദ്ധതി, കോവിഡ് പ്രതിരോധം എന്നിവയ്‌ക്കൊക്കെ പോയവർഷത്തെ ബജറ്റിൽ ഉണ്ടായിരുന്ന വിഹിതം പോലും ഇല്ലയെന്നത് ആശങ്കയുണർത്തുന്നതാണ്- മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം കേരളത്തിൻറെ തനതു പദ്ധതികളായ ഡിജിറ്റൽ സർവ്വകലാശാല നീക്കങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസം, എം സേവനം, ഓപ്റ്റിക്കൽ ഫൈബർ വ്യാപനം എന്നിവയെ കേന്ദ്രം മാതൃകയായി ബജറ്റിൽ കാണുന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

01-Feb-2022