കണ്ണൂർ വി.സി നിയമനം: ചെന്നിത്തല ലോകായുക്തയിൽ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി
അഡ്മിൻ
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനത്തിന് ഗവർണർക്ക് കത്ത് എഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ അയോഗ്യയാക്കണം എന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ലോകായുക്തയിൽ നൽകിയ ഹരജിയിൽ വാദം പൂർത്തിയായി. ഫെബ്രുവരി നാലിന് വിധി പറയും. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ലെന്ന് ലോകായുക്ത പറഞ്ഞു.
ചാന്‍സലര്‍ക്കെതിരെ ആരോപണമില്ലെന്നും മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്നും പക്ഷപാതപരമായി കാര്യങ്ങള്‍ ചെയ്തുവെന്നുമാണ് ഹരജിയില്‍ പറയുന്നത്. എന്നാല്‍, മന്ത്രി പ്രൊപ്പോസല്‍ നല്‍കിയെങ്കില്‍ നിയമനാധികാരിയായ ചാന്‍സലര്‍ അത് എന്തുകൊണ്ട് തള്ളിയില്ലെന്ന് ലോകായുക്ത ചോദിച്ചു. മന്ത്രി അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും കാട്ടിയെന്ന ആരോപണം തെളിയിക്കാവുന്ന രേഖകൾ പരാതിയിൽ ഉണ്ടോ എന്ന് ലോകായുകത ആരാഞ്ഞു.
മന്ത്രിയുടെ കത്തിൽ ശിപാർശ ഇല്ലെന്നും നിർദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത വ്യക്തമാക്കി. ഈ നിയമനം കൊണ്ട് മന്ത്രിക്ക് എന്ത് നേട്ടം ഉണ്ടായെന്നും ലോകായുക്ത ചോദിച്ചു. മന്ത്രി എന്ത് പറഞ്ഞാലും ചാൻസലർ അല്ലേ തീരുമാനമെടുക്കണ്ടെതെന്നായിരുന്നു ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിൻറെ ചോദ്യം. ചാൻസലർ, പ്രോ ചാൻസലർ പദവികൾ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്നും ഇരുവരും നിരീക്ഷിച്ചു. മന്ത്രിക്കും ചാൻസലർക്കും ഇടയിൽ ആശയവിനിമയം മാത്രമാണ് നടന്നതെന്നും സ്റ്റേറ്റ് അറ്റോർണി വാദിച്ചു.