ലോകായുക്ത നിയമ ഭേദഗതി; സംസ്ഥാന സർക്കാർ ഗവർണർക്ക് മറുപടി നൽകി
അഡ്മിൻ
ലോകായുക്ത നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാർ ഗവർണർക്ക് മറുപടി നൽകി. നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പ് ഉണ്ടെന്ന് സർക്കാർ മറുപടിയിൽ പറയുന്നു. നിയമത്തിലെ 14ാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്.
ലോക് പാൽ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും ഗവർണ്ണറെ അറിയിച്ചു. സർക്കാരിൻറെ വിശദീകരണത്തിൽ ഗവർണ്ണറുടെ തുടർനിലപാടാണ് ഇനി പ്രധാനം.
ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫിൻറെ പരാതിയെ തുടർന്നായിരുന്നു ഗവർണറുടെ നടപടി.
ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യും. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്.