സില്‍വല്‍ ലൈനിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കേരള സര്‍ക്കാറിന്റെ സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിയായ സില്‍വല്‍ ലൈനിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്നും, സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോയെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയില്‍വെ സഹമന്ത്രി ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി പഠനം നടന്നിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാവു എന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.ഇതാദ്യമായാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായ ഒരു പ്രതികരണം നല്‍കുന്നത്.

കേരളത്തില്‍ നിന്നുള്ള എംപിമാരായ എകെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്നതാണ് സിൽവർ ലൈൻ പദ്ധതി. കേരള റെയിൽ ഡെവലപ്മെൻ്റ കോർപ്പറേഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ഈ കമ്പനിയിൽ കേരള സർക്കാരിനും റെയിൽവേയ്ക്കും തുല്യപങ്കാളിത്തമാണ്. പദ്ധതിക്കായി സർക്കാർ ഭൂമിയും റെയിൽവേ ഭൂമിയും സ്വകാര്യഭൂമിയും ഉപയോഗിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേയെ എങ്ങനെ ബാധിക്കും എന്നറിയണം. പദ്ധതിക്ക് അനുബന്ധമായി എത്ര റെയിൽവേ ക്രോസിംഗുകൾ വരുമെന്നും അറിയണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് തരണമെന്നും കെ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

02-Feb-2022