ലോകായുക്തയുടെ വിധി സ്വാഗതാർഹമെന്ന് കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധി സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ എല്ലാ പ്രചരണവും വിധിയോടെ ഇല്ലതാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം, ലോകായുക്തയുമായി ബന്ധപ്പെട്ട ജലീലിൻ്റ അഭിപ്രായം സിപിഐഎമ്മിൻ്റെ അഭിപ്രായം അല്ലെന്നും വ്യക്തികളും, പാർട്ടികളും, ഗ്രൂപ്പുകളും ചേരുന്ന വിശാല മുന്നണിയാണ് എൽഡിഎഫെന്നും കോടിയേരി കൂട്ടിച്ചേർത്തു. നിലവിൽ ഉണ്ടായിട്ടുള്ള സിപിഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഇരു പാർട്ടികൾ തമ്മിലില്ല. പ്രശ്നം മാധ്യമങ്ങളുമായി ചർച്ച ചെയ്യേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകായുക്ത ഉത്തരവില്‍ തനിക്കെതിരെ വന്നത് ആരോപണ പരമ്പരകളെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു പ്രതികരിച്ചിരുന്നു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ പരമ്പര തീര്‍ത്തു. കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല.
വലിയ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ സ്ഥാനം ലഭിക്കാത്തതിന്റെ ഇച്ഛാഭംഗമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുനന്ത് രമേശ് ചെന്നിത്തലയ്ക്ക് ചേര്‍ന്നതല്ലെന്നും മന്ത്രി പറയുകയുണ്ടായി.