മത വിശ്വസികളെ അകറ്റി നിര്‍ത്തില്ല; കരട് രാഷ്ട്രീയ പ്രമേയവുമായി സിപിഎം
അഡ്മിൻ
മത വിശ്വസികളെ അകറ്റി നിര്‍ത്തില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഹിന്ദുത്വ വിരുദ്ധതയെന്നാല്‍ മതവിശ്വാസത്തിന് എതിരല്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
സിപിഎം ചൈനാ അനുകൂലമെന്ന് പ്രചരിപ്പിക്കാന്‍ പാര്‍ടി വിരുദ്ധര്‍ ശ്രമിക്കുന്നതായി പാര്‍ടിയുടെ കരട് രാഷ്ട്രീയ പ്രമേയം. വ്യാജ വാര്‍ത്തകളും കൃത്രിമ ചിത്രങ്ങളും ഉപയോഗിച്ച് പ്രചാരണം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും പ്രമേയത്തിലുണ്ട്.
ബിജെപി സര്‍ക്കാരിന്റേത് അമേരിക്കയ്ക്ക് മുന്പില് പൂര്‍ണമായി കീഴടങ്ങിയ നിലപാടാണെന്ന് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിക്കൊണ്ട് പാര്‍ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 2019 മുതല്‍ ബിജെപി സര്‍ക്കാര്‍ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാന്‍ തീവ്രമായി ശ്രമിക്കുന്നു. ബിജെപിയെ തോല്‍പ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സി പി എമ്മിന്റെ മുഖ്യ ലക്ഷ്യം. പാര്‍ലമെന്റില്‍ എല്ലാ മതേതര കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നു.