റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ് എന്ന് രേഖാമൂലം മറുപടി. ഇന്ത്യൻ റെയിൽവേയിലെ ഒഴിവ് സംബന്ധിച്ച വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇന്ത്യൻ റയിൽവേയിൽ ഇത്രയധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി വ്യക്തമാക്കിയത്.
2177 ഗസറ്റഡ് തസ്തികകളും 263370 നോൺ ഗസറ്റഡ് തസ്തികകളും ഉൾപ്പെടെ ആകെ 2,65,547 തസ്തികകൾ റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുകയാണ്. അതോടൊപ്പം എല്ലാ റെയിൽവേ സോണുകളിലും ആയിരക്കണക്കിന് ഒഴിവുകൾ ഉണ്ടെന്നും വ്യക്തമായിരുന്നു.
അതേ സമയം, ഓരോ വർഷവും നടക്കുന്ന റിക്രൂട്ട്‌മെന്റുകളുടെ എണ്ണവും ആശങ്കാജനകമാണ്. നിലവിലെ സാഹചര്യത്തിൽ, റെയിൽവേയുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്ക് എതിരെ ബിഹാറിലും ഉത്തർപ്രദേശിലും വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോൾ, വൻതോതിൽ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് ഒട്ടും ന്യായീകരിക്കാനാവുന്നതല്ല. ഇത് കണക്കിലെടുത്ത് മുഴുവൻ ഒഴിവുകളും എത്രയും വേഗം നികത്തുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് വി ശിവദാസൻ ആവശ്യപ്പെട്ടു..