നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ സിൽവര്‍ലൈൻ പദ്ധതിയ്ക്കു വേണ്ടി ഭൂമിയേറ്റെടുക്കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പദ്ധതിപ്രദേശത്തെ ഭൂവിനിയോഗ രൂപരേഖയും അന്തിമ സര്‍വേയും പദ്ധതിയ്ക്കുള്ള അനുമതിയും ഇല്ലാതെ ഭൂമിയേറ്റെടുക്കാൻ കഴിയില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
പദ്ധതിയ്ക്ക് തത്വത്തിൽ അംഗീകാരം നല്‍കിയത് ഭൂമിയേറ്റെടുക്കാനുള്ള അനുമതിയായി കണക്കാക്കാൻ കഴിയില്ലെന്നും ഇത് പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കുള്ള അനുമതി മാത്രമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഇ ശ്രീധരൻ അടക്കമുള്ള കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തിനു പിന്നാലെയാണ് സിൽവര്‍ലൈൻ പദ്ധതിയ്ക്കെതിരെ കേന്ദ്രം നിലപാട് കടുപ്പിച്ചത്. ഡിഎംആര്‍സി മുൻ എംഡി കൂടിയായ ഇ ശ്രീധരനു പുറമെ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘത്തിലുണ്ടായിരുന്നു.
പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും പരിസ്ഥിതിനാശമുണ്ടാകുമെന്നും ഈ കാരണം കൊണ്ട് പദ്ധതി അനുവദിക്കരുതെന്നും ബിജെപി നേതാക്കള്‍ റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്നും അശാസ്ത്രീയമാണെന്നും ഈ നിലയ്ക്ക് പദ്ധതി നടപ്പാക്കാൻ അനുമതി നല്‍കരുതെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.