കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെ: മുഖ്യമന്ത്രി
അഡ്മിൻ
കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. പദ്ധതിക്ക് വേണ്ടി പ്രാരംഭമായി ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
എന്നാൽ അതിനിടെ ചിലർ കാര്യമറിയാതെയും മറ്റ് ചിലർ മറ്റു ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിർക്കുന്നുണ്ട്. എന്നാൽ നാട്ടിലുള്ള ജനങ്ങൾ ഈ പദ്ധതി നിലവിൽ വരണമെന്നാഗ്രഹിക്കുന്നവരാണ്. നിർബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്‌നമല്ല. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാമേഖലകളിലുമുണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിന് ചേർന്നതല്ലെന്നും മെട്രോമാൻ ഇ.ശ്രീധരനും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പിണറായി വിശദീകരിച്ചു. ദുബൈയിൽ മലയാളി സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതി വിഷയത്തിൽ നിലപാടാവർത്തിച്ചത്. വ്യവസായി മന്ത്രി പി രാജീവ്, ജോൺ ബ്രിട്ടാസ് എംപി. എംഎ യൂസഫലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.