രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തി. 83,876 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. രോഗവ്യാപന നിരക്ക് 7.2 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 11.6 ലക്ഷമായി ചുരുങ്ങി. 1.99 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്. 895 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,02,874 ആയി ഉയര്‍ന്നു. രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന കേരളത്തിലും കേസുകള്‍ കുറയുന്നുണ്ട്.

സംസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം 26,729 ആണ്. രോഗമുക്തി നേടുന്നവര്‍ അരലക്ഷത്തിനടുത്താണ്. 50 ശതമാനത്തിനടുത്ത് നിന്ന ടിപിആര്‍ 30.34 ലേക്ക് ചുരുങ്ങിയതും ആശ്വാസമാണ്. കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിച്ചിരുന്ന കര്‍ണാടകയിലാണ് രോഗശമനം ഏറ്റവും പ്രകടമായിട്ടുള്ളത്.

സംസ്ഥാനത്ത് സജീവ കേസുകള്‍ ഒരു ലക്ഷത്തന് താഴെയാണ്. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലും കോവിഡ് വ്യാപനം കുറയുന്നുണ്ട്. അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 14.70 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 169.63 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

07-Feb-2022