സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനം. ഞായറാഴ്ച നിയന്ത്രണം ഇനി തുടരില്ല. സംസ്ഥാനത്തെ സ്‌കൂളുകളും പൂർണ്ണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്.

ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം.

അതേസമയം കൊവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാൽ തിയറ്ററുകൾക്കു പ്രവർത്തിക്കാൻ തടസ്സമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സി കാറ്റഗറി ജില്ലകളിൽ തിയറ്ററുകൾ അടച്ചിടാനുള്ള സർക്കാർ ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്.

08-Feb-2022