മീഡിയാവൺ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം: എംഎ ബേബി

ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി. ഈ ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ഉപയോഗിച്ചിട്ടുള്ളതെന്നും മീഡിയ വണ്ണിൻറെ ജമാഅത്തെ ഇസ്ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാൻ കാരണമെങ്കിൽ, ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സർക്കാരിനെ ഓർമിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് അവർക്ക് അവകാശമുണ്ട്. സി പി ഐ ( എം) , അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങൾക്കെതിരേ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതൂപോലെ ജമായത്തെ ഇസ്ലാമിയെ വിമർശിക്കുന്നവർക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട് എന്നതാണ് പ്രധാനം.

മീഡിയാവൺ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.
അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തിൽ വിശ്വാസിക്കുന്നവരെല്ലാം മീഡിയ വണ്ണിൻറെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നതായും എംഎ ബേബി പറഞ്ഞു.

08-Feb-2022